ശിലാലിഖിതങ്ങൾ

കാലയവനിക മായ്ച്ചു കളയാത്ത കലാലയ സ്മരണകളിലൂടെ ഗവൺമെൻറ് കോളേജ് കോട്ടയത്തെ ജിയോളജി കുടുംബം...

ഗവൺമെന്റ് കോളേജ് കോട്ടയം

നാടിന്റെ അകമാണ് നാട്ടകം, നൻമകളാൽ സമൃദ്ധമായൊരു നാടിന്റെ അകക്കാമ്പ്. കുട്ടനാടും മലനാടും ഒത്തുചേർന്ന പോലൊരു ഭൂപ്രദേശമാണത്. കിഴക്ക് കൊടൂരാറിന്റെ അവസാദങ്ങൾ സമ്പുഷ്ടമാക്കിയ പാടശേഖരങ്ങൾക്കും പടിഞ്ഞാറ് കണ്ണെത്താ ദൂരത്ത് പരന്ന് കിടക്കുന്ന വേമ്പനാട് കായലിനുമിടയിൽ കൈകോർത്ത് നിൽക്കുന്ന ചെറു ചെങ്കൽ കുന്നുകളാണ് നാടിന്റെ സവിശേഷത. അക്ഷര നഗരിയായ കോട്ടയത്തിന് മുതൽക്കൂട്ടായി ഒരു സർക്കാർ കോളേജ് നാട്ടകത്ത് സ്ഥാപിതമായത് 1972 ലാണ്. വലിയ ബോധി വൃക്ഷം പോലെ അറിവിന്റെ തണലിൽ ആയിരങ്ങളെ പോറ്റിവളർത്തിയ കലാലയം. അമ്പതാണ്ടിലെത്തിനിൽക്കുന്ന നാട്ടകം കോളേജെന്നറിയപ്പെടുന്ന ഗവൺമെന്റ് കോളേജ് കോട്ടയം ഇന്ന് മികച്ച കെട്ടിട സമുച്ചയങ്ങളോടെ, കേരളത്തിലെ മികവുറ്റ പഠനകേന്ദ്രങ്ങളിലൊന്നായി തലയുയർത്തിനിൽക്കുന്നു. ഗുൽമോഹറിന്റെ നിറവും പാലപ്പൂ മണവുമുള്ള കോളേജ് ക്യാമ്പസ് തലമുറകളുടെ ഗൃഹാതുരത്വമാണ്.

ജിയോളജി വിഭാഗം

കോട്ടയം ഗവൺമെന്റ് കോളേജിന്റെ വിജയ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ ജിയോളജി ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്നത് 1976 ലാണ്. പരിമിതമായ സാഹചര്യങ്ങളിൽ വലിയ പ്രതിബന്ധങ്ങളിൽ വെല്ലുവിളികളെ അവസരങ്ങളാക്കി ആരാധ്യ ഗുരുനാഥൻ പ്രൊഫ. പി. കൃഷ്ണൻ നായർ പാകിയ അടിസ്ഥാനശിലയിലാണ് തുടക്കം. ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ആരംഭിക്കുന്നത് 1984 മുതലാണ്. ആദ്യ ബാച്ച് മുതൽ തുടർന്നു പോരുന്ന അദ്ധ്യാപക-വിദ്യാർത്ഥി കൂട്ടായ്മ ആത്മബന്ധത്താൽ , കാലങ്ങൾ കായാന്തരീകരിച്ച ഏകശില പോലെ സുദൃഢമാണ്.
ലോകത്തിന്റെ പല കോണുകളിലായ് ആയിരത്തിലധികം വരുന്നതാണ് ജിയോ അലുമിനിയിലെ അംഗങ്ങൾ. അമോണൈഡും കൊളമ്‌നാർ ബസാൾട്ടും മാത്രമല്ല പലർക്കും ഗ്രാനൈറ്റും ചാർണക്കൈറ്റും പോലും ജിയോളജി പഠന കാലത്തിന്റെ ബിംബങ്ങളാകുന്നുണ്ട്. അത്തരം നിരന്തരമായ ഓർമ്മ പുതുക്കലുകളാവാം ജിയോളജി സൗഹൃദങ്ങളുടെ ആഴവും പരപ്പും വർദ്ധിപ്പിക്കുന്നത്. പുതു തലമുറയ്ക്ക് ആത്മവിശ്വാസവും വഴികാട്ടിയുമായ ജിയോ അലുമിനി മികച്ച പ്രവർത്തനങ്ങളിലൂടെ കോട്ടയം ഗവൺമെന്റ് കോളേജിനു മാത്രമല്ല ഓരോ സൗഹൃദക്കൂട്ടായ്മകൾക്കും എന്നും മാതൃകയാണ്.

ശിലാലിഖിതങ്ങൾ